ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. യുപിയില്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ 7 ഘട്ടമായാണു വോട്ടെടുപ്പ്. മണിപ്പുരില്‍ 2 ഘട്ടം – ഫെബ്രുവരി 27, മാര്‍ച്ച് 3. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടത്തും. ആദ്യഘട്ട വിജ്ഞാപനം ഈ മാസം 14നു പുറപ്പെടുവിക്കും. 5 സംസ്ഥാനങ്ങളിലും ഈ മാസം 15 വരെ തിരഞ്ഞെടുപ്പു റാലിയും പ്രകടനവും റോഡ് ഷോയും നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. പിന്നീട് അനുവദിക്കണോയെന്നു കോവിഡ് സ്ഥിതി വിലയിരുത്തി തീരുമാനിക്കും.
കഴിവതും ഡിജിറ്റല്‍ പ്രചാരണത്തിനു ശ്രമിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാന്‍ സൗകര്യമുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍, കോവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വീട്ടില്‍നിന്നു വോട്ട് ചെയ്യാന്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടുകയും പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടി വൈകിട്ട് 6 വരെയാക്കുകയും ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ എന്തുകൊണ്ടു നിര്‍ത്തിയെന്നു പാര്‍ട്ടികള്‍ സ്വന്തം വെബ്‌സൈറ്റുകളിലൂടെ വിശദീകരിക്കണമെന്നും ഇത്തവണ നിര്‍ദേശമുണ്ട്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മണ്ഡലത്തില്‍ ചെലവിടാവുന്ന പരമാവധി തുക 40 ലക്ഷമായി ഉയര്‍ത്തി. ഗോവയിലും മണിപ്പുരിലും ഇത് 28 ലക്ഷമായി തുടരും.