തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസിൽ അമ്മയേയും പതിനൊന്നാം വയസിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതാണ് ആ പോരാട്ട ജീവിതം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വിഎസ് വിജയിച്ചുകയറിയത്. പക്ഷേ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് നിലവിൽ വിഎസ്.
പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.