പാലക്കാട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാനെത്തിയതിനെ വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഒരോരുത്തരുടെ തൊലിക്കട്ടി’ എന്നായിരുന്നു വി.ടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നത്. ഡി.കെ ശിവകുമാറിനും സിദ്ദരാമയ്യക്കും നടുവിലായി മുകളിലേക്ക് കൈകോര്‍ത്ത് പിടിച്ച് നിക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.
എന്നാല്‍ പിന്നാലെ പോസ്റ്റ് പിന്‍വലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വി.ടി ബല്‍റാം രംഗത്തെത്തി. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ബല്‍റാം പോസ്റ്റ് പിന്‍വലിച്ചത്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്നാണ് ബല്‍റാം വിശദീകരിച്ചത്. ‘കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.’ – വി.ടി ബല്‍റാം കുറിച്ചു.