കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബൽറാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജയെന്നും ശൈലജ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും ബൽറാം പറഞ്ഞു. അതേസമയം, സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വടകരയിൽ എൽജിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി.
ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കൽ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു. പക്ഷേ അന്നും അത് എട്ടു നിലയിൽ പൊട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില യുഡിഎഫ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായ കേരളാ പോലീസ്. പിന്നീടാ കേസിന് എന്തുപറ്റി എന്ന് ആർക്കും അറിഞ്ഞുകൂടാ. രണ്ടര വർഷം കഴിഞ്ഞു. ഇന്നിപ്പോൾ വടകരയിലും നാണക്കേട് മറക്കാൻ പോലീസും സിപിഎമ്മും ചെയ്യുന്നത് സമാനമായ അറസ്റ്റും നടപടികളുമാണ്. അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്.-ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പറഞ്ഞു.