പുളിക്കീഴ് : പുളിക്കീഴ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. വൈക്കത്തില്ലം വാഴപറമ്പ് കോളനിയിലെ സജു കുര്യൻ (20) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാവിലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സജു തട്ടികൊണ്ടുപോയതാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുമായി വൈകീട്ടോടെ സ്റ്റേഷനിൽ നേരിട്ട് എത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി. പീഡനം നടന്നതായി ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തി.
കോടതിയിൽ ഹാജരാക്കാനുള്ള നടപടിക്രമങ്ങൾ നടത്തുന്നതിനിടെ രാത്രി 9.30-ന് പ്രതി പോലീസിന്റെ കണ്ണു വെട്ടിച്ച് കടന്നു. മെലിഞ്ഞ ശരീരപ്രകൃതക്കാരനായ ഇയാളുടെ കൈയിലിട്ട വിലങ്ങുകൾ വള ഊരുംപോലെ അഴിച്ച ശേഷമാണ് പോലീസ് സ്റ്റേഷനിൽനിന്ന് കടന്നതെന്ന് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറയിലൂടെ പിന്നീട് കണ്ടെത്തി. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ പ്രതികളെ പാർപ്പിക്കാനുള്ള ലോക്കപ്പ് സൗകര്യമില്ല. പൊടിയാടി ഭാഗത്തേക്ക് ഓടിയ പ്രതിയെ നാട്ടുകാരുടെകൂടെ സഹായത്തോടെ പുളിക്കീഴ് പാലത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്നാണ് നാല് മണിക്കൂറിനകം പിടികൂടിയത്. തിരുവല്ല പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് സജുവിനെ മാറ്റി. ഇയാൾ മുമ്പ് എടത്വ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്നു കേസിലും പ്രതിയാണ്.
മൂന്നാഴ്ചക്ക് മുമ്പും സമാനമായ സംഭവം ഇവിടെയുണ്ടായി. കഴിഞ്ഞ ഡിസംബർ മാസം 24-ന് വീടുകയറി അക്രമണം നടത്തിയ കേസിലെ പ്രതിയായ നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജൻ (28) പോലീസ് സ്റ്റേഷനിൽനിന്ന് കടന്നു. ഇയാളേയും ഇരുപത്തിനാല് മണിക്കൂറിനകം പോലീസ് പിടികൂടി.