വാഷിംഗ്ടൺ: ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്. യൂസർ വെരിഫിക്കേഷൻ നടപടികളിലാണ് മസ്‌ക് മാറ്റം വരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിന്റെ വെരിഫൈഡ് യുസർ ആണെന്നുള്ളതിന്റെ അടയാളമായ ബ്ലൂ ടിക്കിന് ഇനി മുതൽ ട്വിറ്റെർ ചാർജ് ഈടാക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മസ്‌ക് ട്വീറ്റ് ചെയ്തത്.
ട്വിറ്റർ അതിന്റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നൽകുന്നതാണ് നീല നിറത്തിലുള്ള ശരിയുടെ അടയാളം. ഈ ബ്ലൂ ടിക്കിന് ഇനി മുതൽ പ്രതിമാസം ട്വിറ്റർ പണം ഈടാക്കും എന്നാണ് പുതിയ അറിയിപ്പ്. റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾ പ്രതിമാസം 4.99 ഡോളർ അതായത് 1648 രൂപയോളം നൽകി ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതായി വരും. പണം നൽകി സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഇനി മുതൽ ബ്ലൂ ടിക്ക് കാണാൻ സാധിക്കുകയില്ല.
പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടെ ട്വിറ്റർ അവതരിപ്പിച്ചിട്ടുണ്ട്. അതിനായും ഈ ബ്ലൂ ടിക്ക് ആവശ്യം ഉണ്ട്. ഉപയോക്താക്കൾക്കായി പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ആവശ്യമാണെന്നുള്ള അറിയിപ്പ് ഉടൻ തന്നെ ട്വിറ്റർ നൽകിയേക്കും. നവംബർ 7 നകം പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പായ്ക്ക് പുറത്തിറക്കാൻ മസ്‌ക് ജീവനക്കാരോട് ആവശ്യപ്പെട്ടതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ശതകോടീശ്വരൻ ട്വിറ്റർ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയത്. 44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്നും ഇതിനു മുൻപ് ഇലോൺ മസ്‌ക് പിന്മാറിയിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ച് വ്യക്തമായ കണക്കുകൾ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മസ്കിന്റെ പിന്മാറ്റം. എന്നാൽ കഴിഞ്ഞ ആഴ്ച ട്വിറ്റർ ഏറ്റെടുക്കുകയും ആദ്യ നടപടിയായി ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പടെയുള്ള ചില ഉദ്യോഗസ്ഥരെ പിയൂരിച്ചുവിടുകയും ചെയ്തിരുന്നു. ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെയും മസ്‌ക് ഉടൻ പിരിച്ചുവിട്ടേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ട്വിറ്ററിൽ ബോട്ടുകളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള ഒരു സംവിധാനവും അദ്ദേഹം ഉടൻ അവതരിപ്പിച്ചേക്കും. കൂടാതെ, കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ പകുതിയും സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഉണ്ടാക്കാൻ ആണ് മസ്കിന്റെ പുതിയ പദ്ധതി.