അമിത വണ്ണമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കുന്നതും ഭക്ഷണക്രമവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും വേണം. കലോറിയും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും കൂടി നിങ്ങളെ രക്ഷിക്കും.
പലരും ശരീരഭാരം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വിശുപ്പ് കൂടും തന്മൂലം വണ്ണം കൂടാം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല.
പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം വിശപ്പും ആസക്തിയും കുറയ്ക്കുകയും, അതുവഴി ഒരു ദിവസം മുഴുവൻ കഴിക്കുന്ന കലോറിയുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. എന്തായാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ കലോറി വളരെ കുറവുമാണ്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്…
യോഗര്‍ട്ടാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയും അടങ്ങിയിട്ടുള്ള ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക്‌സിന്റെ മികച്ച ഉറവിടം കൂടിയാണിത്.
മൂന്ന്…
ഓട്മീല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്മീല്‍ സഹായിക്കും.
നാല്…
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. കലോറി കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്.
അഞ്ച്…
നട്സും സീഡ്സുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്‌സിലും വിത്തുകളിലും നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം…
1. മധുര പലഹാരങ്ങളും മിഠായികളും പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
2. പേസ്ട്രികളും ഒഴിവാക്കുക. പഞ്ചസാര, പൂരിത കൊഴുപ്പ്, കലോറി എന്നിവ ഇവയില്‍ കൂടുതലാണ്.
3. വൈറ്റ് ബ്രെഡ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോ ധാരാളം അടങ്ങിയ ഇവ അധികമായി കഴിക്കുന്നത് അടിവയറ്റില്‍ കൊഴിപ്പ് ഉണ്ടാകാന്‍ കാരണമാകും.
4. രാവിലെ തന്നെ സാന്‍വിച്ച് പോലെയുള്ള ജങ്ക് ഫുഡുകളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം. കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തും.
5. മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമായാല്‍ വയര്‍ കുറയ്ക്കാന്‍ കഴിയില്ല.
6. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയും രാവിലെ തന്നെ കുടിക്കരുത്.