തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സമസ്ത പിന്നോട്ട് പോയിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സമസ്ത നേതാക്കൾ പറഞ്ഞു. വിഷയത്തിൽ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അവർ വ്യക്തമാക്കി.