ദില്ലി: റഷ്യയുടെ യുക്രൈനെതിരായ യുദ്ധം ആഗോള ക്രൂഡ് ഓയിൽ വിലയെ മാത്രമല്ല സ്വാധീനിക്കുക, ഭക്ഷ്യ എണ്ണയുടെയും വില വർധിക്കുമെന്നാണ് വിവരം. എൽപിജി, പെട്രോൾ, ഡീസൽ, ഗോതമ്പ് എന്നിവയ്ക്കെല്ലാം പുറമെയാണ് ഭക്ഷ്യ എണ്ണയുടെ വിലയും വർധിക്കാനുള്ള സാഹചര്യം. മാർച്ച് ഏഴിന് പിന്നാലെ വില വർധിക്കുമെന്നാണ് വിവരം.
ഒരു വർഷം 25 ലക്ഷം ടൺ സൺഫ്ലവർ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെ പാമോയിലും നാലര ദശലക്ഷം ടൺ വരെ സോയാബീൻ എണ്ണയും 30 ലക്ഷം ടൺ വരെ കടുകെണ്ണയും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് 50000 ടൺ മാത്രമാണ് സൺഫ്ലവർ ഓയിലിന്റെ ഉൽപ്പാദനം.2020-21 കാലത്ത് 22 ലക്ഷം ടൺ സൺഫ്ലവർ ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ തന്നെ 16 ലക്ഷം ടണ്ണും യുക്രൈനിൽ നിന്നായിരുന്നു. 2019-20 കാലത്ത് 25 ലക്ഷം ടൺ ഇറക്കുമതി ചെയ്തതിൽ 19.3 ലക്ഷം ടൺ യുക്രൈനിൽ നിന്നായിരുന്നു. 3.8 ലക്ഷം ടൺ ആണ് 2019-20 കാലത്ത് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. 2020-21 കാലത്ത് 2.8 ലക്ഷം ടൺ സൺഫ്ലവർ ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു.
1.7 ലക്ഷം ടൺ 2019-20 കാലത്തും 1.4 ലക്ഷം ടൺ 2020-21 കാലത്തും അർജന്റീനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ആഗോള തലത്തിൽ യുദ്ധത്തിന് മുൻപ് തന്നെ സൺഫ്ലവർ ഓയിലിന്റെ വില വർധിച്ചിരുന്നു. മുംബൈയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 1500 ഡോളറിൽ നിന്ന് 1630 ഡോളറായി ഒരു ടൺ സൺഫ്ലവർ ഓയിലിന്റെ വില വർധിച്ചു. ഒരു മാസം മുൻപ് 1455 ഡോളറും ഒരു വർഷം മുൻപ് 1400 ഡോളറുമായിരുന്നു വില.