ദില്ലി: അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷ്റഫിനെ ചൊല്ലി ട്വിറ്ററിൽ പോര് തുടരുന്നു. മുഷ്റഫിനെ സ്‍മരിച്ച തരൂരിന്‍റെ ട്വീറ്റിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. വെറുക്കപ്പെട്ടവനെങ്കിൽ എന്തിന് മുഷ്റഫുമായി 2003 ൽ വെടി നിർത്തൽ കരാർ ചർച്ച നടത്തിയെന്നാണ് തരൂരിന്‍റെ ചോദ്യം. 2004 ൽ മുഷ്റഫ് – വാജ്പേയ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. അന്ന് വിശ്വസ്തനായ സമാധാന പങ്കാളി ആയിരുന്നില്ലേ മുഷ്റഫ് എന്നും തരൂര്‍ ചോദിക്കുന്നു.
ഒരു പാട് ജീവനുകൾ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകർ ഉണ്ടാകും എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്. ‘സമാധാനത്തിനുള്ള ശക്തി’ ആവാനും ‘തന്ത്രപരമായ ചിന്ത’ വികസിപ്പിക്കാനും സ്വേച്ഛാധിപതിമാരായ പാക് ജനറൽമാർക്ക് സൈനിക അടിച്ചമർത്തൽ മാത്രമാണ് വഴിയെന്നും ഒരുപാട് ജീവനുകൾ പൊലിയുകയും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും ഇന്ത്യയിൽ ഇവർക്ക് കടുത്ത ആരാധകർ ഉണ്ടാവും എന്നുമായിരുന്നു ജീവ് ചന്ദ്രശേഖർ ട്വീറ്റിലൂടെ പറഞ്ഞത്.