തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഫോർട്ട് പോലീസ് കേസെടുത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വനിതാ സിപിഒ അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി പി ഒ ആയ ജ്യോതിക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു ആറ്റുകാൽ പടിഞ്ഞാറേനടയിലാണ് സംഭവം.
ക്ഷേത്രത്തിൽ തിരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്റെ ഇഷ്ടക്കാരെ കൗൺസിലർ കടത്തിവിടാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. ഡി വൈ എഫ്ഐ നേതാവുകൂടിയായ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പതിവായി ഇത്തരത്തിൽ ആൾക്കാരെ കടത്തിവിടാൻ ശ്രമിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. അൽപം കാത്തുനിൽക്കാൻ ഇവരോട് സ്ഥലത്തുണ്ടായിരുന്ന എസ്ഐ ആവശ്യപ്പെട്ടു. ഇതോടെ വിഷയം വഷളായി. ക്ഷുഭിതനായ കൗൺസിലർ അസഭ്യം പറഞ്ഞ് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെ കാവൽ ഡ്യൂട്ടി നിന്നിരുന്ന വനിതാ പോലീസുകാരെയും കൗൺസിലർ ആക്രമിച്ചതായാണ് പരാതി.