ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡയവോൾ എന്ന വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പിൽ പറയുന്നു. ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ കമ്പ്യൂട്ടർ ലോക്ക് ആവുകയും ഓപ്പറേറ്ററിൽനിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്‌ക്രീൻ വാൾപേപ്പറിലുണ്ടാവുക. ഇ-മെയിൽ അറ്റാച്ച്മെന്റായാണ് ഡയവോൾ വൈറസെത്തുന്നത്. ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയൽ തുറന്നാൽ വൈറസ് ഇൻസ്റ്റാളാവാൻ തുടങ്ങും. പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ മുഴുവൻ മായ്ച്ചു കളയുകയും കമ്പ്യൂട്ടർ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു. ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നായിരുന്നു നിർദേശം