തൃശ്ശൂർ: സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമിനെ സംസ്ഥാനത്ത് വിന്യസിച്ചതായും മന്ത്രി പറഞ്ഞു. 5 സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ശബരിമല തീർഥാടനത്തിന്റെ ഭാഗമായുള്ള പമ്പ സ്നാനം നിരോധിച്ചിട്ടുണ്ട്. നീന്തൽ, മത്സ്യബന്ധനം എന്നിവ നടത്തരുതെന്നും മന്ത്രി നിർദേശിച്ചു. യാത്ര പോകുന്നതിന് മുമ്പ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ആശങ്കയല്ല, ജാഗ്രതയാണ് ആവശ്യമെന്നും കെ.രാജൻ കൂട്ടിച്ചേർത്തു.