ന്യൂഡൽഹി: ഇസ്രയേലിൽ മലയാളി യുവാവ് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം നിലവിൽ ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ കണക്കിലെടുത്തുമാണ് ഇന്ത്യക്കാർക്കായി എംബസി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്.
ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങൾ സന്ദര്ശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും +972 35226748 എന്ന നമ്പറിൽ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം. ഇസ്രയേലിലുള്ള ഇന്ത്യക്കാർ തങ്ങൾക്ക് പരിചയമുള്ള മറ്റ് ഇന്ത്യൻ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി പറയുന്നു.