ന്യൂഡൽഹി: കോൺഗ്രസിലെത്തിയത് ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്. കോൺഗ്രസ് വിട്ട് ഈയടുത്ത് ബി.ജെ.പിയിലെത്തിയ രാംകിഷോർ ശുക്ലയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഞാൻ കോൺഗ്രസിലെത്തിയത്. മധ്യപ്രദേശിലെ മഹൗവിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും തോറ്റു. എന്നാൽ, ഇതെല്ലാം ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായിരുന്നു. മുതിർന്ന ആർ.എസ്.എസ് നേതാവ് അഭിഷേക് ഉദെന്യയാണ് തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
മഹൗവിൽ ബി.ജെ.പി നേതാവ് ഉഷ താക്കൂറാണ് വിജയിച്ചത്. മുമ്പ് കോൺഗ്രസിലുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാർഥി ആനന്ത് സിങ് ദർബാറിനെയായിരുന്നു തോൽപ്പിച്ചത്. മഹൗ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥിതി ദുർബലമായിരുന്നു അതിനാലാണ് ഇത്തരമൊരു തന്ത്രമൊരുക്കിയത്. മണ്ഡലത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ സ്വയം ത്യാഗം സഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശുക്ലയുടെ ആരോപണങ്ങൾ ആർ.എസ്.എസ് നേതാവ് അഭിഷേക് ഉദെന്യ തള്ളി. ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച എം.എൽ.എ ഉഷയും ആരോപണങ്ങൾ കഴമ്പില്ലെന്ന് വ്യക്തമാക്കി. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയുടെ താമര ചിഹ്നത്തിന് രാംകിഷോർ വോട്ട് തേടിയത് വൈറലായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ രാംകിഷോർ ശുക്ലയും ആനന്ത് സിങ് ദർബാറും ബി.ജെ.പിയിലെത്തുകയായിരുന്നു.