കൊൽക്കത്ത: പശ്ചിമബംഗളിൽ റെയിൽവേ പാളത്തിൽ തലവെച്ച് മരിക്കാൻ കിടന്നയാളെ റെയിൽവേ സുരക്ഷാ സേന ഉദ്യോഗസ്ഥ രക്ഷിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ റെയിൽ വേ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളിലെ പുർബ മെദിനിപുർ സ്റ്റേഷനിലാണ് സംഭവം.
റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു യാത്രക്കാരൻ നിൽക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ഇയാൾ പാളത്തിലേക്ക് ഇറങ്ങി പാളത്തിൽ തലവച്ചു കിടന്നു. ആ സമയത്ത് അതുവഴി വന്ന കെ.സുമതി എന്ന റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ഓടി പാളത്തിലിറങ്ങി ഇയാളെ വലിച്ചു മാറ്റി. അതുകണ്ട് രണ്ടു പുരുഷൻമാർ സഹായത്തിനായി അവിടേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളെ വലിച്ചു മാറ്റിയതിനു തൊട്ടുപിറകെ പാളത്തിലൂടെ ട്രെയിൻ കടന്നുപോയി.
‘പുർബ മെദിനിപുർ സ്റ്റേഷനിൽ ട്രെയിൻ അതിവേഗം കടന്നുപോകുന്നതിനു തൊട്ടുമുമ്പ് വനിതാ കോൺസ്റ്റബിൾ സുമതി ധൈര്യപൂർവം ഒരാളെ ട്രാക്കിൽനിന്ന് വലിച്ചു മാറ്റി. യാത്രക്കാരുടെ സുരക്ഷക്കായുള്ള അവരുടെ അർപ്പണ മനോഭാവത്തിന് അഭിനന്ദനം’– എന്ന കുറിപ്പോടെയാണ് ആർ.പി.എഫ് വിഡിയോ പങ്കുവച്ചത്. യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് നിരവധി കമന്റുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്.