കണ്ണൂർ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിന് മുന്നേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവർത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പോലീസ് ബസിൽ എആർ ക്യാമ്പിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ്, കെഎസ്‍യു ജില്ലാ ഭാരവാഹികളോടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കില ക്യാമ്പസിലെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലാണ് താമസിച്ചത്.
മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ശക്തമായ സുരക്ഷാ സന്നാഹമാണ് കണ്ണൂരിൽ പോലീസ് ഒരുക്കിയിട്ടുള്ളത്. റേഞ്ച് ഐജി രാഹുൽ ആർ.നായരുടെയും ജില്ലാ പോലീസ് മേധാവി ഇളങ്കോവന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്ന തളിപ്പറമ്പ് കിലയിലേക്കുള്ള വഴിയിൽ ഉടനീളം ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏഴുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലെ ഇടറോഡുകളെല്ലാം പോലീസ് അടച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഗസ്റ്റ്ഹൗസിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി 3 മണിയോടെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും