ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. പഠനങ്ങള്‍ അനുസരിച്ച് ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ ഏറെ പ്രധാനമാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനും എല്ലാം തന്നെ ഏറെ അത്യാവശ്യമാണ്. വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാല്‍ ഇത് ശരീരത്തിലെ അവയവങ്ങളെ തന്നെ ദോഷകരമായി ബാധിയ്ക്കും. ദിവസവും എട്ട് ഗ്ലാസ് വെളളം ചുരുങ്ങിയത് കുടിയ്ക്കണം എന്നാണ് പറയുന്നത്.
നമ്മുടെ ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിര്‍ത്താന്‍ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്. വെള്ളം ശാരീരിക പ്രക്രിയകളില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ശരീരത്തില്‍ ജലാംശത്തിന്റെ ഒരു നിശ്ചിത അളവ് ഉണ്ട്. ഈ അളവ് കുറയുമ്പോള്‍ ശരീരം സൂചന നല്‍കുന്നു. ഇതാണ് ദാഹം. ഒട്ടുമിക്കവരും ദാഹിക്കുമ്പോള്‍ മാത്രമാണ് വെള്ളം കുടിയ്ക്കുന്നത്. എന്നാല്‍, പലപ്പോഴും ദാഹം എന്ന ശാരീരിക ലക്ഷണത്തെ പോലും അവഗണിക്കുന്നവര്‍ ഉണ്ട്. കൂടാതെ, എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഇരിക്കുന്നവര്‍ക്ക് സ്വാഭാവികമായി തോന്നേണ്ട ദാഹം തോന്നില്ല, അവര്‍ക്ക് വിയര്‍പ്പും അനുഭവപ്പെടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദാഹം അനുഭവപ്പെടുന്നില്ല എങ്കിലും വെള്ളം അളവിന് അനുസരിച്ച് കുടിക്കേണ്ടത് ആവശ്യമാണ്.