കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ് ആക്രമണം തുടർക്കഥയാവുന്നു. കോട്ടക്കുഴി കുളിക്കടവിൽ കുളിക്കുകയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളായ വഹിദുൽ ഇസ്ലാം (24), ശബിലി (25) എന്നിവർക്കാണ് വെള്ളിയാഴ്ച 12ഓടെ കടിയേറ്റത്. രണ്ട് പേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ അഞ്ചുമാസത്തിനിടെ നിരവധി പേർക്കാണ് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാരശ്ശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായ്ക്കൾ വിഹരിക്കുന്നത്. ഇരുകരയിലുമുള്ളവർക്ക് പുഴയിൽ കുളിക്കാനോ വസ്ത്രം കഴുകാനോ പറ്റാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാനും സാധിക്കില്ല.