ഇടുക്കി : ഇടുക്കി അണക്കെട്ടിനിന്ന് സെക്കൻറിൽ മൂന്നര ലക്ഷത്തോളം ലിറ്റർ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയുന്നില്ല. 2387.38 അടിയാണ് ഇപ്പോൾ ഇടുക്കിയിലെ ജലനിരപ്പ്. ഡാമിൽ നിന്ന് വൻതോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തിൽ തുറന്നു വിടുന്ന വെള്ളത്തിൻറെ അളവിൽ കുറവ് വരുത്തിയേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനുമുണ്ടാകും.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയാൻ തുടങ്ങിയതോടെ പെരിയാർ തീരത്ത് ആശ്വാസം. വൃഷ്ടിപ്രദേശത്ത് മഴമാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. നിലവിൽ പതിമൂന്ന് ഷട്ടറുകൾ 90 സെൻറിമീറ്റർ വീതം ഉയർത്തി സെക്കൻറിൽ പതിനായിരം ഘനയടിയോളം വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കുന്നത്. പ്രദേശത്തെ 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 139.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്
ഇടമലയാർ ഡാം തുറന്നതോടെ എറണാകുളം ജില്ലയിലെ പെരിയാർ തീരം ജാഗ്രതയിൽ. നാലു ഷട്ടർ കളിലൂടെയാണ് വെള്ളം പുറത്തേക്കു ഒഴുക്കി വിടുന്നത്.പെരിയറിന്റെ ജല നിരപ്പ് വലിയ തോതിൽ ഉയർന്നിട്ടില്ലാത്തതിനാൽ കരകളിൽ താമസിക്കുന്നവർ ആശ്വാസത്തിലാണ്. മഴ മാറി നിൽക്കുന്നതിനാൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയിൽ അടുത്ത മൂന്ന് ദിവസവും ഗ്രീൻ അലർട്ടാണ്. പെരിയാറിലും കൈവഴികളിലും വലിയ തോതിൽ ജലനിരപ്പ് കൂടാൻ സാധ്യതയില്ലെങ്കിലും മുൻകരുതൽ എടുക്കാൻ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. മലമ്പുഴ ഡാമിൽ നിന്നും വെള്ളമെത്തുന്നത് കൽപാത്തി പുഴയിലേക്കാണ്. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും 80 സെൻ്റിമീറ്റർ ഉയർത്തി. മുൻകരുതൽ എന്ന നിലയ്ക്കാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്