ഇടുക്കി: ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. ഇടുക്കിയിൽ 2386.86 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയാണ് ഉയർന്നത്. ഇടുക്കിയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി.ഒരു വീടിന്റെ മതിലിടിഞ്ഞു. നിലവിൽ മൂന്ന് ലക്ഷം ലീറ്റർ വെള്ളമാണ് സെക്കന്റിൽ ഒഴുക്കുന്നത്. പത്ത് മണിയോടെ കൂടുതൽ വെളളം ഒഴുക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്റിൽ അഞ്ച് ലക്ഷം ലീറ്റർ ആയി ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ വീടുകളിൽ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതിൽ വീണ്ടും യോഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കുക.
വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ ജനം ആശങ്കയിലാണ്. പലരും ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു
മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടും.സെക്കന്റിൽ 8626 ഘനയടി ആയി ഉയർത്തും. മൂന്നു ഷട്ടറുകൾ കൂടി ഉയർത്തും.മുല്ലപ്പെരിയാർ ഡാമിൽ നിന്ന് നിലവിൽ 7000 ഘനയടി വെളളമാണ് സെക്കന്റിൽ ഒഴുക്കി വിടുന്നത്.വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് ജലനിരപ്പ് ഉയരാൻ കാരണമായേക്കും. പെരിയാർ തീരത്ത് ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലേക്ക് എത്തിയിട്ടുിളളത്.