ഇടുക്കി: പെരിയാര്‍ തീരത്ത് ആശ്വസമായി ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. രണ്ട് ഡാമുകളിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവും കുറച്ചു. മുല്ലപ്പെരിയാറിൽ ഏഴു ഷട്ടറുകളും ഇടുക്കിയിൽ രണ്ടു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ജലനിരപ്പ് 138.60 അടിയായി.
ചൊവ്വാഴ്ച ഉച്ചക്കാണ് ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ മൂന്നര ലക്ഷം ലിറ്ററാക്കി ഉയത്തിയത്. മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളത്തിൻറെ അളവ് കുറക്കുകയും വൃഷ്ടി പ്രദേശത്ത് മഴകുറയുകയും ചെയ്തതോടെയാണ് രാവിലെ മുതൽ തുറന്നു വിടുന്ന വെള്ളത്തിൻറെ അളവും കുറച്ചത്. ഒൻപതരയോടെ തുറന്നിരുന്ന അഞ്ചു ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിട്ടും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാൽ വാഹനങ്ങൾ കടത്തി വിടുന്നില്ല.
മുല്ലപ്പെരിയാറിൽ നിന്നു തുറന്നു വിടുന്ന വെള്ളത്തിൻറെ അളവിനനുസരിച്ച് ഇടുക്കിയിൽ നിന്നുമൊഴുക്കുന്നതിൻറെ അളവും കുറക്കും. നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ വൈകുന്നേരം മുതലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞു തുടങ്ങിയത്. രണ്ടിടത്തും ഇന്നു മുതൽ പുതിയ റൂൾ കർവ് നിലവിൽ വന്നു.
ജലനിരപ്പ് റൂൾ കർവിലേക്ക് എത്തിയാൽ മുഴുവൻ ഷട്ടറുകളും അടച്ചേക്കും. വീടുകളിൽ നിന്നും വെള്ളമിറങ്ങിയതോടെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ക്യാമ്പുകളിലുണ്ടായിരുന്നവർ തിരികെയെത്തി. ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ രണ്ടു ലക്ഷം ലിറ്ററാക്കി കുറച്ചിട്ടുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ ഉയർത്തിയ മൂന്ന് ഷട്ടറുകളിൽ ഒന്ന് അടച്ചിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അപ്പർ റൂൾ ലെവലായ 2539 അടിയിൽ നിന്ന് ബാണാസുരസാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.