കൊച്ചി: എറണാകുളം നഗരത്തിൽ ഇന്ന് രാവിലെ പെയ്ത് മഴയിൽ എംജി റോഡിൽ വെള്ളക്കെട്ട്. രാവിലെ 10.30 മുതൽ ഒന്നേകാൽ മണിക്കൂറോളം നേരം പെയ്ത മഴയാണ് നഗരജീവിതം താറുമാറാക്കിയത്. ഫുട്‍പാത്തിലടക്കം വെള്ളം കയറിയതോടെ കടകളിലേക്കും വെള്ളം കയറുമെന്ന് ആശങ്ക ഉയർന്നു. സെൻട്രൽ സ്ക്വയർ മാൾ, കവിതാ തിയേറ്റർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
രണ്ട് മാസം മുമ്പ് പെയ്ത കനത്ത മഴയിൽ എംജി റോഡിൽ വെള്ളം കയറിയിരുന്നു. അന്ന് കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വ്യാപാരികൾ നേരിട്ടിരുന്നു. തുടർന്ന് വെള്ളക്കെട്ട് പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ആദ്യ തുലാമഴയിൽ തന്നെ കൊച്ചി നഗരം വെള്ളക്കെട്ടിൽ വലഞ്ഞു. ഈ നിലയാണെങ്കിൽ വരും ദിവസങ്ങളിൽ മഴ ശക്തമായാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും.
കോർപ്പറേഷനെ പഴിച്ച് നേതാക്കൾ
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. കോർപ്പറേഷൻ ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മഴ പെയ്താൽ റോഡ് ആകെ മുങ്ങുന്ന സ്ഥിതിയാണ് എന്നും ചെന്നിത്തല പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങളിൽ നഗരസഭയ്ക്ക് വീഴ്ച പറ്റി എന്ന് ഹൈബി ഈഡൻ എംപി ആരോപിച്ചു.
തൊലിപ്പുറത്തെ ചികിത്സയല്ല വേണ്ടത്, കനാലുകളുടെ നവീകരണം നടന്നിട്ടില്ല. വെള്ളക്കെട്ട് പരിഹരിക്കാൻ ശാസ്ത്രീയമായ സമീപനമാണ് ആവശ്യമെന്നും പ്രൊഫഷണലുകളെ ഉൾപ്പെടുത്തി പ്രശ്ന പരിഹാരം കാണണമെന്നും എംപി ആവശ്യപ്പെട്ടു. അഞ്ച് മിനിട്ട് മഴ പെയ്താൽ റോഡുകൾ മുങ്ങുന്ന സ്ഥിതിയാണ്. ഇത് പരിതാപകരമാണെന്നും ഹൈബി കുറ്റപ്പെടുത്തി.