തിരുവനന്തപുരം: ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മുൻനിര ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞതോടെ തങ്ങൾ ഐ.ടി കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും ധാരാളം വെള്ളവും വാഗ്ദാനം ചെയ്തുകൊണ്ട് കത്തെഴുതിയതായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്ത് ചെറുതും വലുതുമായ 44 നദികളുണ്ട്. അതിനാൽ തന്നെ വെള്ളമൊരു പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതെല്ലാം കമ്പനികൾക്കാണ് ഔദ്യോഗികമായി കത്തയച്ചതെന്ന് പറയാൻ വിസമ്മതിച്ച മന്ത്രി, പല കമ്പനികളുമായി ചർച്ചയിലാണെന്നും വ്യക്തമാക്കി.
പ്രസ്റ്റീജ് ഗ്രൂപ്പ് 8.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചിയിൽ ടെക് പാർക്ക് നിർമിച്ചിട്ടുണ്ട്. ബ്രിഗേഡ് ഗ്രൂപ്പിന്റെ ഇത്തരത്തിലുള്ള പാർക്ക് തിരുവനന്തപുരത്ത് വരുന്നുണ്ട്. കൊച്ചിയിലെ ഇൻഫോപാർക്കിലും സൗകര്യങ്ങളുണ്ട്. മികച്ച റോഡ്, റെയിൽ ഗതാഗതം, തുറമുഖ സൗകര്യം എന്നിവക്ക് പുറമെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തുടർചർച്ചകൾക്കായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനം മുഴുവനായും സിലിക്കൺ വാലി മാതൃകയിൽ വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ടെക്നോളജി ബിരുദധാരികളായ പ്രതിഭകൾ ഉൾപ്പെടെ ടെക് മേഖലയെ സ്വീകരിക്കാൻ മികച്ച സൗകര്യമാണ് സംസ്ഥാനത്തുള്ളതെന്നും രാജീവ് വ്യക്തമാക്കി.