മലപ്പുറം : പക്ഷി നിരീക്ഷകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തി നീര്‍പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ടാണ് നീര്‍ പക്ഷികളുടെ കാര്യത്തില്‍ ഇത്തരം ഒരു കുറവ് എന്നാണ് ഇത് സംബന്ധിച്ചു പഠനം നടത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞദിവസം തൃശ്ശൂര്‍പൊന്നാനി കോള്‍നിലങ്ങളില്‍ നടത്തിയ സര്‍വ്വേയിലും നീര്‍പ്പക്ഷികള്‍ കുറയുന്നതായി കണ്ടെത്തിയിരുന്നു.
ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസിന്റെ ഭാഗമായാണ് തൃശ്ശൂര്‍ പൊന്നാനി കോള്‍നിലങ്ങളില്‍ സര്‍വേ നടത്തിയത്. മുപ്പത്തിരണ്ടാമത് നീര്‍പ്പക്ഷിസര്‍വേ പുതുവര്‍ഷദിനത്തില്‍ മാറഞ്ചേരി, ഉപ്പുങ്ങല്‍, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കല്‍, ഏനാമാവ്, പുല്ലഴി, അടാട്ട്, മുള്ളൂര്‍ക്കായല്‍, തൊട്ടിപ്പാള്‍ തുടങ്ങിയ കോള്‍മേഖലകളിലാണ് നടത്തിയത്. ഓരോ വര്‍ഷത്തെയും നീര്‍ പക്ഷികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. 2018 ല്‍ 33499 എണ്ണം കണ്ടെത്തിയപ്പോള്‍ 2019 ല്‍ ഇത് 27519 ആയി ചുരുങ്ങി. പിന്നീട് 2020 ല്‍ നടത്തിയ സര്‍വ്വേ പ്രകാരം 22049 എണ്ണം ആയിരുന്നു കണക്ക്. അതുകഴിഞ്ഞ് 2021ല്‍ സര്‍വ്വേ നടത്തിയപ്പോള്‍ ആകട്ടെ 16634 എണ്ണമായി ചുരുങ്ങി. 2022 ആയപ്പോള്‍ ഇവ വീണ്ടും ചുരുങ്ങി ചുരുങ്ങി 15959 ആയി.
കോള്‍പ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സ് കളക്ടീവും കാര്‍ഷിക സര്‍വകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജും വനംവകുപ്പിന്റെ സഹകരണത്തോടെയാണ് സര്‍വേ സംഘടിപ്പിച്ചത്. സി.പി. സേതുമാധവന്‍, മനോജ് കരിങ്ങാമഠത്തില്‍, മിനി ആന്റോ, ജയ്‌ദേവ് മേനോന്‍, കെ.ബി. നിധീഷ് , ശ്രീകുമാര്‍ കെ. ഗോവിന്ദന്‍കുട്ടി, ലതീഷ് ആര്‍. നാഥ്, അരുണ്‍ ജോര്‍ജ്, പി.കെ. സിജി, സിസി ആന്‍, അഭിന്‍ എം. സുനില്‍, സുബിന്‍ മനക്കൊടി, എസ്. പ്രശാന്ത്, ഷിനോ കൂറ്റനാട്, ആര്‍. പ്രേംചന്ദ്, നിഗിന്‍ ബാബു, ദില്‍ജിത്ത്, ഡിജുമോന്‍, എന്‍.ഡി. ജോസസ്, ഒമര്‍ ഹാറുണ്‍, അഹമ്മദ് സെയ്ദ് തുടങ്ങി നൂറോളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു. മനുഷ്യരുടെ വികസനം മാത്രം ലക്ഷ്യം വെക്കാതെ പറവകളെയും മറ്റു ജീവ ജാലങ്ങളെയും കൂടെ സംരക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നാണ് പ്രകൃതി സ്‌നേഹികള്‍ പറയുന്നത്.