കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തുടര്‍ച്ചയായ വെള്ളിയാഴ്ചകളില്‍ പരിഗണിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തി. കേസ് അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജെമന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണോ എന്ന കാര്യമാണ് പ്രധാനമായി പരിഗണിക്കുകയെന്ന് ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, വി എസ്. ശ്യാം കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് പല നിയമങ്ങളും ഉണ്ടെങ്കിലും അവയൊന്നും ഏകോപിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സമഗ്രമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങള്‍ ഇതിന് ആവശ്യമാണ്.