മേപ്പാടി: മുപ്പൈനാട് പഞ്ചായത്തും ഉദ്യോഗസ്ഥരും മേപ്പാടി പൊലീസും ചില രാഷ്ടീയനേതാക്കളും ഗൂഢാലോചന നടത്തി ലൈസൻസ് സമ്പാദിച്ച വാളത്തൂർ ചീരമട്ടം ക്വാറിയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയ വയനാട് ജില്ല കലക്ടർ ഡോ. രേണു രാജിനെ വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിനന്ദിച്ചു. ജനങ്ങളുടെ ഇംഗീതം മനസ്സിലാക്കി നിലപാടെടുത്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാരെയും സമിതി അഭിനന്ദിച്ചു.
നിയമ വിരുദ്ധമായി സമ്പാദിച്ച ലൈസൻസിന്റെ മറവിൽ ക്വാറിക്കെതിരെ സമാധാനപരമായി പ്രക്ഷേഭം നടത്തിയ നട്ടെല്ലിന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയിലുള്ള വൃദ്ധനെയും അർബുദ ചികിത്സ നടത്തുന്ന ആളെയും സ്ത്രീകളെയും മർദിക്കുകയും സമര നേതാക്കളുടെ പേരിൽ വധശ്രമത്തിന് കള്ളക്കേസെടുക്കുകയും ചെയ്ത മേപ്പാടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സമിതി യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, എം. ഗംഗാധരൻ, സി.എ. ഗോപാലകൃഷ്ണൻ, സണ്ണി മരക്കടവ്, ബഷീർ ആനന്ദ് ജോൺ, പി.എം. സുരേഷ്, എ.വി. മനോജ് പ്രസംഗിച്ചു.