സുൽത്താൻ ബത്തേരി: കര്‍ണാടകയില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷയോടെ വയനാട്. ദേശീയപാത 766ലെ രാത്രിയാത്ര നിയന്ത്രണം, ബാവലി- മൈസൂരു റോഡിലെ രാത്രിയാത്ര വിലക്ക്, ബൈരക്കുപ്പ പാലം, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ നിലപാട് കര്‍ണാടക സ്വീകരിക്കുമെന്ന പ്രതീക്ഷ ജില്ലയിൽ ശക്തമായിരിക്കുകയാണ്.
കർണാടക സർക്കാർ രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് വില കൊടുക്കുമെന്നതാണ് അനുകൂല ഘടകം. കര്‍ണാടക വനം മന്ത്രാലയത്തിന്റെ കടുംപിടിത്തമാണ് രാത്രിയാത്ര നിരോധനത്തിന്റെ പ്രധാന കാരണം. രാത്രി ഒമ്പതിനും ആറിനുമിടയിൽ ദേശീയ പാതയിൽ നിരോധനം വന്നതോടെ മൈസൂരു, ബംഗളൂരു യാത്ര ദുഷ്കരമായി.
സുൽത്താൻ ബത്തേരി നഗരത്തിന്റെ വികസനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. നിരോധനത്തിനെതിരെ ബത്തേരിയിൽ വലിയ സമരങ്ങൾ നടന്നിട്ടും വലിയ പ്രയോജനമുണ്ടായില്ല. തെക്കേ വയനാട്ടില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയത്തില്‍ മൈസൂരുവിലെത്താന്‍ ബന്ദിപ്പുർ ദേശീയോദ്യാനം കടക്കണം. ഇവിടെയാണ് രാത്രിയാത്ര നിരോധനം വലിയ പ്രശ്നമായത്.
ബന്ദിപ്പുർ കടുവാസങ്കേതം അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2009ലാണ് അന്നത്തെ ചാമരാജ്നഗര്‍ ജില്ല കലക്ടർ ബന്ദിപ്പൂർ വഴി രാത്രി യാത്ര വിലക്കിയത്.
വടക്കെ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും ബാവലി വഴി മൈസൂവിലേക്കുള്ള പാതയില്‍ രാത്രിഗതാഗതം വിലക്കിയതും കർണാടകയാണ്. 2008ല്‍ അന്നത്തെ മൈസൂരു ജില്ല കലക്ടറാണ് ബാവലി മുതല്‍ ഉദ്ബൂര്‍ വരെ നാഗർഹോള വനത്തിലൂടെയുള്ള 18 കിലോമീറ്ററില്‍ രാത്രി ഗതാഗതനിരോധന ഉത്തരവിറക്കിയത്.
റെയിൽ ലൈനിന്റെ കാര്യത്തിലും ഇതുവരെയുള്ള കർണാടക നിലപാട് വലിയ ആശാസ്യമല്ല. തലശ്ശേരി-മൈസൂർ, നിലമ്പൂര്‍- നഞ്ചന്‍കോട് ആയാലും ദേശീയോദ്യാനങ്ങളിലൂടെ ഏതാനും കിലോമീറ്റര്‍ പാളം പണിയണം.
വയനാടിന്റെ പുരോഗതിക്കു ഉതകുന്നതും കാട്ടിലൂടെ കടന്നുപോകേണ്ടതുമായ വികസന പദ്ധതികള്‍ക്കു ദീര്‍ഘകാലമായി കർണാടക വലിയ താത്പര്യം കാണിക്കുന്നില്ല. ബൈരക്കുപ്പ പാലം വന്നാൽ പുൽപള്ളി മേഖലയിൽ വലിയ വികസനമുണ്ടാകും. കൊട്ടിഘോഷിച്ച് തറക്കല്ലിടൽ നടത്തിയിട്ടും പാലം യാഥാർഥ്യമായില്ല.
വനത്തിലൂടെയുള്ള റോഡിന് കർണാടക എതിര് നിന്നതാണ് പ്രശ്നമായത്. രാത്രിയാത്ര കേസുകളില്‍ വയനാടിനു ഗുണകരമായ നിലപാട് സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലേറുന്നതോടെ കേരളത്തിന്റെ താത്പര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അവസരമുണ്ടായേക്കും.