തിരുവന്തപുരം : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഒരു ഉദ്യോഗസ്ഥൻ അതിൽ കൂട്ട് നിന്ന് പരസ്യ വിചാരണ ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മതനിരപേക്ഷതയ്ക്ക് പോറൽ ഏൽക്കുന്ന പരിപാടി ബിജെപി തുടരുകയാണ്. മുഖ്യമന്ത്രിയായിരിക്കെ മോദി ഗുജറാത്തിൽ ചെയ്തത് എന്തൊക്കെയാണ് എന്ന് നമുക്കറിയാം. കന്യാസ്ത്രീകളുടെ മോചനത്തിനായി നമ്മളെല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിയ്ക്കും ഉണ്ടായിട്ടുള്ള അനുഭവമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.