ജയ്പുർ∙ ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ ഭർത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താൻ വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ തന്നെ അവർക്ക് അതിർത്തി കടന്നു പോയി വിവാഹം കഴിക്കാൻ കഴിയില്ലെന്നും ഭർത്താവ് അരവിന്ദ് കുമാർ പറഞ്ഞു. ‘‘മൂന്നു വർഷം മുൻപ് ഡൽഹിയിലെ കോടതിയിൽ വിവാഹമോചനത്തിനായുള്ള പേപ്പറുകൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാൽ എനിക്ക് ഇതുവരെ കോടതിയിൽനിന്ന് സമൻസോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളിൽ അവർ ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവർക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സർക്കാർ ഈ കാര്യങ്ങൾ അന്വേഷിക്കണം’’– അരവിന്ദ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
പാക്കിസ്ഥാനിലെത്തിയ അഞ്ജു തന്റെ ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‍ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണു റിപ്പോർട്ട്. പാക്കിസ്ഥാനിലേക്കു പോകാൻ വ്യാജ പാസ്പോർട്ടും രേഖകളുമാണോ സമർപ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും അരവിന്ദ് സർക്കാരിനോട് ആവശ്യപ്പെട്ടു. വീസ നടപടികളെ കുറിച്ച് അഞ്ജു തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും അരവിന്ദ് ചൂണ്ടിക്കാട്ടി. അഞ്ജുവിനെ ഇനി അമ്മയായി കാണാൻ കഴിയില്ലെന്നാണു മകൾ പറയുന്നതെന്നും തനിക്കും ഇനി അങ്ങനെതന്നെ ആയിരിക്കുമെന്നും അരവിന്ദ് വ്യക്തമാക്കി. അഞ്ജുവിനു മാനസികമായി ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനു ജോലിക്കാര്യത്തിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഇത്തരത്തിൽ ഒരു കാര്യം ഭാര്യ ചെയ്യുമെന്നു ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു. കുട്ടികൾ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിന്റെ പാസ്പോർട്ടും വീസയും റദ്ദാക്കി അവരെ പോകാൻ സർക്കാർ അനുവദിക്കല്ലെന്നാണ് പ്രതീക്ഷ’’ – അരവിന്ദ് അഭിപ്രായപ്പെട്ടു.
2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. ഈ മാസം 23നാണ് നസ്‌റുല്ലയെ കാണാൻ അഞ്ജു അതിർത്തി കടന്നത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. എന്നാൽ, അഞ്ജു അതിർത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്. അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചു എന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.