എല്‍-സാല്‍വഡോറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുറ്റവാളി സംഘാംഗങ്ങള്‍ അക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ വടക്കന്‍ പ്രദേശത്തെ നഗരത്തിന് നേരെ സൈന്യത്തെ അയച്ച് പ്രസിഡന്‍റ് നയിബ് ബുകെലെ. 39 -മത്തെ വയസില്‍ രാജ്യത്തെ പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധനേടിയ ആളാണ് പ്രസിഡന്‍റ് നയിബ് ബുകെലെ. എല്‍ സാല്‍വഡോറിന്‍റെ സായുധ സേനയിലെ 5,000 സൈനീകരും 500 പോലീസ് അംഗങ്ങളുമാണ് ന്യൂവ കോൺസെപ്സിയോൺ മുനിസിപ്പാലിറ്റി വളഞ്ഞിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവരെ മുഴുവനും പിടികൂടാതെ പിന്നോട്ടില്ലെന്നും പ്രസിഡന്‍റ് നയിബ് കൂട്ടിച്ചേര്‍ത്തു.
“നമ്മുടെ നായകന്‍റെ കൊലപാതകത്തിന് അവർ വിലമതിക്കും,” എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നയിബ് ട്വിറ്റ് ചെയ്തത്. പട്രോളിംഗ് സംഘത്തെ ഒരു സംഘം അക്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ‘ഒരു ഭീകരനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന്’ സംഭവത്തിന് പിന്നാലെ എല്‍സാല്‍ഡോര്‍ പോലീസ് ട്വിറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 5000 സൈനീകരെ സ്ഥലത്ത് വിന്യസിച്ചത്.
തുടര്‍ന്ന് പ്രസിഡന്‍റ് നയിബ് തന്‍റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, ” ഈ രക്തരൂക്ഷിതമായ കൊലപാതകികളെയും അവരുടെ സഹപ്രവർത്തകരെയും ഞങ്ങൾ തുടച്ചുനീക്കാൻ പോകുന്നുവെന്ന് എല്ലാ “മനുഷ്യാവകാശ” എൻജിഒകളും അറിയട്ടെ, ഞങ്ങൾ അവരെ ജയിലിലടയ്ക്കും, അവർ ഒരിക്കലും പുറത്തിറങ്ങില്ല. നിങ്ങളുടെ ദയനീയമായ റിപ്പോർട്ടിംഗിനെയോ, നിങ്ങളുടെ പണം വാങ്ങുന്ന പത്രപ്രവർത്തകരെയോ, നിങ്ങളുടെ പാവ രാഷ്ട്രീയക്കാരെയോ, ഞങ്ങളുടെ ആളുകളെ ഒരിക്കലും ശ്രദ്ധിക്കാത്ത നിങ്ങളുടെ പ്രശസ്തമായ “അന്താരാഷ്ട്ര സമൂഹത്തെ”യോ ഞങ്ങൾ കാര്യമാക്കുന്നില്ല. നാം നമ്മുടെ രാജ്യത്തെ സുഖപ്പെടുത്തുകയും ഈ മഹാമാരിയെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ പരാജയപ്പെട്ട പാചകക്കുറിപ്പുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോകുക.”