ലണ്ടൻ: ബി.ബി.സിയേയും ചാനലിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തേയും പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് യു.കെയുടെ പ്രതികരണം.
യു.കെ പാർലമെന്റിൽ കോമൺവെൽത്ത് ആൻഡ് ഡെലപ്പ്മെന്റ് ഓഫീസ് ജൂനിയർ മിനിസ്റ്ററാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകിയത്. ബി.ബി.സി ഓഫീസിൽ നടത്തിയ ആദായ നികുതി റെയ്ഡിൽ പ്രതികരിക്കാനില്ലെന്നും അതേസമയം മാധ്യമസ്വാതന്ത്ര്യം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പാർലമെന്റററി അണ്ടർ സെക്രട്ടറി ഡേവിഡ് റൂട്ട്‍ലി പറഞ്ഞു. ഞങ്ങൾ ബി.ബി.സിക്കൊപ്പം നിൽക്കും. അവർക്ക് ഫണ്ട് നൽകും. ബി.ബി.സി എഡിറ്റോറിയൽ സ്വാതന്ത്ര്യം വേണമെന്നും റൂട്ട്‍ലി പറഞ്ഞു.
ബി.ബി.സി സർക്കാറിനെ വിമർശിക്കാറുണ്ട്. പ്രതിപക്ഷത്തെയും വിമർശിക്കുന്നു. ചാനലിനെ സംബന്ധിച്ചടുത്തോളം സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് ഇന്ത്യയുൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വടക്കൻ അയർലാൻഡിൽ നിന്നുള്ള എം.പിയായ ജിം ഷാനോനാണ് ബി.ബി.സിയെ കുറിച്ച് ചോദ്യം ഉയർത്തിയത്. മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ബി.ബി.സിക്കെതിരെ നടപടിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ പ്രസ്താവനയിറക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.