ഇറുക്കമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനികളെ സ്കൂൾ അപഹസിക്കുകയും ശിക്ഷിക്കുമെന്ന് പറയുകയും ചെയ്തു. പതിനൊന്ന് വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് സ്കൂളിൽ അപമാനിച്ചത്. മാതാപിതാക്കൾ അവകാശപ്പെടുന്നത് തങ്ങളുടെ പെൺമക്കളെ ഒരു അടിയന്തര അസംബ്ലിയിലേക്ക് വിളിപ്പിക്കുകയും അധ്യാപകർ അവരുടെ വസ്ത്രങ്ങൾ വിലയിരുത്തുകയും ചെയ്തു എന്നാണ്. അതിൽ പുരുഷ അധ്യാപകരും ഉൾപ്പെടുന്നു. അത്രയും നേരം പെൺകുട്ടികൾക്ക് ഈ അപമാനം സഹിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കേണ്ടി വന്നു.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റാംസ്‌ബോട്ടത്തിലെ വുഡ്‌ഹേ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ഒരു രക്ഷിതാവ് പറയുന്നത് ഈ സംഭവത്തിന് ശേഷം 11 വയസുകാരിയായ തന്റെ മകൾക്ക് സ്കൂളിലേക്ക് മടങ്ങാൻ ഭയമാണ് എന്നാണ്. അതുപോലെ മറ്റ് രക്ഷിതാക്കൾക്കും തങ്ങളുടെ മക്കൾക്കു നേരെയും ഇത്തരം അച്ചടക്ക നടപടികളുണ്ടാകുമോ എന്ന് ഭയമുണ്ട്.
സ്കൂളിന്റെ വെബ്സൈറ്റിൽ യൂണിഫോം അധികം ഇറുക്കമുള്ളത് ആവരുത് എന്ന് പറയുന്നുണ്ടത്രെ. എന്നാൽ, രക്ഷിതാക്കൾ പറയുന്നത് തങ്ങൾ യൂണിഫോം വാങ്ങിയത് ഒരു ഔദ്യോഗിക യൂണിഫോം സപ്ലയറുടെ അടുത്ത് നിന്നാണ് എന്നാണ്. കൂടാതെ അയാളുടെ മക്കളും അതേ സ്കൂളിൽ പഠിക്കുന്നുണ്ട്.
സ്കൂളിലെത്തിയ വിദ്യാർത്ഥികളോട് അവരുടെ വസ്ത്രധാരണം ശരിയായ രീതിയിൽ അല്ല എന്നും അവ ഇറുക്കം കൂടുതലാണ് എന്നും അധ്യാപകർ ആരോപിക്കുകയായിരുന്നു. അങ്ങനെ വസ്ത്രം ധരിച്ച് പെൺകുട്ടികൾ വരുമ്പോൾ ആൺകുട്ടികൾ നോക്കുന്നു എന്നും അവരുടെ ശ്രദ്ധ മാറുമെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇറുക്കമില്ലാത്ത വേറെ ട്രൗസർ ധരിച്ച് വന്നില്ലെങ്കിൽ കുട്ടികളെ തടങ്കലിൽ വയ്ക്കുമെന്നും സ്കൂളിൽ നിന്നും ഭീഷണിപ്പെടുത്തിയത്രെ. മിക്ക രക്ഷിതാക്കളും വിദ്യാർത്ഥികളും സംഭവത്തെ തുടർന്ന് വലിയ ആശങ്കയിലാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഭയമാണ് എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എന്നാൽ, പെൺകുട്ടികൾ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരുന്നത് ആൺകുട്ടികളുടെ ശ്രദ്ധ തിരിക്കുമെന്ന പരാമർശം തങ്ങൾ നടത്തിയിട്ടില്ല എന്നാണ് സ്കൂളിന്റെ വാദം.