ഭർത്താക്കന്മാർ മദ്യപിച്ച് വീട്ടിലെത്തുകയും അതിന്റെ ഭാഗമായി കഷ്ടപ്പാട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീകൾ ഏറെയുണ്ട് നമ്മുടെ രാജ്യത്ത്. എന്നാൽ, കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ മദ്യപിച്ചെത്തിയയാൾ തന്റെ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ഗിരിദിഹ് ജില്ലയിലെ താരാപൂർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
രാം ചന്ദ്ര തുരി എന്നയാളാണ് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ അറസ്റ്റിലായിരിക്കുന്നത്. തുരി നിരന്തരം മദ്യപിക്കുന്ന ആളാണ് എന്നും കൊല്ലപ്പെട്ടത് അയാളുടെ പന്ത്രണ്ടാമത്തെ ഭാര്യയാണ് എന്നും നാട്ടുകാർ പറഞ്ഞതായി ഇന്ത്യാടൈംസ് എഴുതുന്നു. നേരത്തെ തുരി 11 സ്ത്രീകളെ എങ്കിലും വിവാഹം ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഇയാളെ ഉപേക്ഷിച്ച് പോയത് ഈ മദ്യപാനശീലം കാരണമാണ് എന്നും നാട്ടുകാർ പറയുന്നു.
കൊല്ലപ്പെട്ട ദേവിയും തുരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 20 വർഷങ്ങൾ ആയി. ഇരുവർക്കും നാല് മക്കളും ഉണ്ട് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച സംഭവം നടക്കുമ്പോൾ മക്കളാരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. നാട്ടുകാർ പറയുന്നത് അനുസരിച്ച് തിങ്കളാഴ്ച തുരി പതിവു പോലെ മദ്യപിച്ചെത്തി. വീട്ടിലെത്തിയിട്ടും മദ്യപാനം തുടർന്നു. ഇത് ചോദ്യം ചെയ്ത ഭാര്യ ദേവിയെ ഇയാൾ വടിയെടുത്ത് അടിക്കാൻ ആരംഭിച്ചു. അവർ ബോധം കെട്ട് നിലത്ത് വീണിട്ടും ഇയാൾ ഭാര്യയെ തല്ലുന്നത് നിർത്തിയില്ല.
പുറത്ത് വിവാഹത്തിന് പോയിരിക്കുകയായിരുന്ന മൂന്ന് മക്കൾ തിരികെ എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന അമ്മയെ ആയിരുന്നു. മക്കൾ ഉടനെ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു. അവരാണ് പൊലീസിനെ വിളിക്കുന്നത്. പിന്നാലെ പൊലീസ് എത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ തുരി അറസ്റ്റിലായി.