959 കഞ്ചാവ് ചെടികൾ വളർത്തിയതിന് ഒരു ഫ്ലോറിഡ സ്വദേശി അറസ്റ്റിലായി. ബുധനാഴ്ചയാണ് ഇയാൾ ഇത്രയധികം കഞ്ചാവ് തൈകൾ നട്ടു വളർത്തുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഒപ്പം തന്നെ ഉണക്കി സൂക്ഷിച്ച 4.5 കിലോ കഞ്ചാവും കൊളറാഡോയിലെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
ഫ്ലോറിഡ സ്വദേശിയായ 57 -കാരനായ പൈലോട്ടോ-ഗോമസാണ് തന്റെ വസ്തുവിൽ ഇത്രയധികം കഞ്ചാവ് നട്ടു വളർത്തിയത്. വിൽക്കാനുദ്ദേശിച്ച് കൊണ്ടാണ് ഇയാൾ വൻതോതിൽ കഞ്ചാവ് കൃഷി ചെയ്തത് എന്ന് പ്യൂബ്ലോ കൗണ്ടി ഷെരീഫിന്റെ പ്രതിനിധികൾ പറഞ്ഞു.
കൊളറാഡോയിലെ നിയമം അനുസരിച്ച് ഒരു വീട്ടിൽ 12 കഞ്ചാവ് ചെടികൾ വരെ വളർത്താം. അതിന് മുകളിലുള്ള എത്ര എണ്ണവും നിയമത്തിന്റെ ലംഘനമായി കണക്കാക്കുകയും ശിക്ഷ ലഭിക്കുകയും ചെയ്യും. സെർച്ച് വാറണ്ട് ലഭിച്ചതിനെ തുടർന്ന് ഡിറ്റക്ടീവുമാർ ഇയാളുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ ഒരു വലിയ ഷെഡ്ഡ് രണ്ട് ഭാഗമാക്കി തിരിക്കുകയും അതിൽ കഞ്ചാവ് നട്ടു വളർത്തുകയുമായിരുന്നു ഗോമസ്.
ആ മുറികളിലാണ് 939 കഞ്ചാവ് ചെടികളും ബാഗുകളിൽ 4.5 കിലോ ഉണക്കി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഒപ്പം തന്നെ ഇവ പാക്ക് ചെയ്യാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തി. ഇയാളുടെ വീടിരിക്കുന്ന അതേ വസ്തുവിലെ ഒറ്റപ്പെട്ട ഒരു ഗാരേജിൽ നിന്ന് 20 കഞ്ചാവ് ചെടികൾ കൂടി കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
ഈ നിയമവിരുദ്ധമായ കഞ്ചാവ് കൃഷിയെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണ് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ വർഷം ആദ്യം ഇതുപോലെ അലബാമയിൽ വലിയ തോതിൽ കഞ്ചാവ് നട്ടു വളർത്തിയതിന് ഒരാൾ അറസ്റ്റിലായിരുന്നു.