വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഒരുപാട് നിയമങ്ങൾ നാം അനുസരിക്കേണ്ടതായി വരും. അതുപോലെ തന്നെ വിമാനത്തിൽ കൊണ്ടുപോകുന്ന വസ്തുക്കൾക്കും നിയന്ത്രണങ്ങളുണ്ട്. പല വസ്തുക്കളും വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല. കർശനമായ സുരക്ഷയും പരിശോധനയും വിമാനത്താവളങ്ങളിൽ പതിവാണ്. ചെറിയ തരത്തിലുള്ള നിയമലംഘനങ്ങൾ പോലും ഇല്ലാതെയാക്കുക എന്നത് തന്നെയാണ് ലക്ഷ്യം. എന്നാൽ, അടുത്തിടെ വിമാനത്തിൽ വച്ച് ബോംബ് എന്ന് പറഞ്ഞതിന് ഒരു യുവാവ് അറസ്റ്റിലായി. എന്നാൽ, പിന്നീട് യുവാവിനെ വിട്ടയച്ചു.
വിമാനത്തിൽ യുവാവിന്റെ സമീപത്തായി ഇരുന്ന സ്ത്രീയാണ് യുവാവിനെതിരെ പരാതി നൽകിയത്. വിമാനത്തിൽ വച്ച് ഇയാൾ ഫോണിൽ കൂടി ബോംബ് എന്ന് പറയുന്നത് താൻ കേട്ടു എന്നായിരുന്നു ഇവരുടെ പരാതി. വിസ്താര (UK-941) വിമാനത്തിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയായ അസീം ഖാനാണ് സ്ത്രീയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. വിസ്താര ഫ്‌ളൈറ്റ് നമ്പർ യുകെ -941-ൽ ദില്ലിയിൽ നിന്നും മുംബൈയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു അസീം ഖാൻ. 24 -കാരനായ അസീം ഖാന് ദുബായിലാണ് ജോലി.
അതിനിടയിലാണ് അസീം ഖാൻ ഫോണിൽ ബോംബ് എന്ന് പറഞ്ഞത്. അമ്മയെ ഫോൺ വിളിച്ച ഖാൻ ‘തന്റെ കയ്യിലുണ്ടായിരുന്ന തേങ്ങ ബോംബ് വല്ലതും ആയിരിക്കുമോ എന്ന് സംശയിച്ച് കൊണ്ടുവരാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല, പക്ഷേ പാൻ മസാല കൊണ്ടു വരുന്നതിൽ പ്രശ്നമുണ്ടായില്ല’ എന്നായിരുന്നു പറഞ്ഞത്. എന്നാൽ, ഫോണിൽ ബോംബ് എന്ന് കേട്ട ഉടനെ തന്നെ അടുത്തുണ്ടായിരുന്ന സ്ത്രീ വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ക്രൂ അംഗങ്ങൾ യുവാവിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി. ശേഷം ഡൽഹി പൊലീസ് അസീം ഖാനെ അറസ്റ്റ് ചെയ്തു.
എന്നാൽ, ചോദ്യം ചെയ്തതിൽ ഇയാൾ അവസാനം വിളിച്ചത് അമ്മയെ ആണെന്ന് കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമൊന്നും കണ്ടെത്തിയുമില്ല. തുടർന്ന് അസീം ഖാനെ വിട്ടയച്ചു. ഭാവിയിൽ ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.