വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അമേരിക്കയിലെ ബെന്‍സലെം പൊലീസിന് ആ കോള്‍ വന്നത്. ഒരു സ്ത്രീയായിരുന്നു ഫോണില്‍. ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ തന്റെ മകളോട് ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണ് അവര്‍ക്ക് പൊലീസിനെ അറിയിക്കാനുണ്ടായിരുന്നത്. താന്‍ ഒരു പെണ്‍കുട്ടിയെ കൊന്നുവെന്നും ആ മൃതദേഹം ഇനി എന്ത് ചെയ്യണമെന്നുമാണ് അവന്‍ വീഡിയോ ചാറ്റില്‍ തന്റെ മകളോട് പറഞ്ഞതെന്ന് അവര്‍ പൊലീസിനെ അറിയിച്ചു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരം വീഡിയോ കോളില്‍ അവന്‍ കാണിച്ചു കൊടുത്തതായും അവര്‍ പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന്, പൊലീസ് ഉടന്‍ തന്നെ ഇടപെട്ടു. പട്ടണത്തില്‍ തന്നെയുള്ള മൊബൈല്‍ ഹോം പാര്‍ക്കിലായിരുന്നു ആ കൗമാരക്കാരനെന്ന് അവര്‍ തിരിച്ചറിഞ്ഞു. വീടായി മാറ്റിയ ഒരു ട്രെയിലറിനകത്തായിരുന്നു അവന്റെ താമസം. പൊലീസ് അവിടെ എത്തിയതും അവന്‍ ഇറങ്ങിയോടി. പൊലീസ് വീടിനകത്തു നടത്തിയ പരിശോധനയില്‍ 13 വയസ്സു പ്രായമുള്ള ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടെത്തി. നെഞ്ചില്‍ വെടിയേറ്റായിരുന്നു അവളുടെ മരണമെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇതേ സമയം മറ്റൊരു പൊലീസ് സംഘം സമീപ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിനിടെ ആ കൗമാരക്കാരനെ പിടികൂടി. പരിചയമുള്ള ഒരു പെണ്‍കുട്ടിയെ കൊലചെയ്തതായി അവന്‍ സമ്മതിച്ചു. അബദ്ധത്തില്‍ വെടിപൊട്ടിയാണ് അവള്‍ മരിച്ചതെന്നായിരുന്നു അവന്‍ പറഞ്ഞത്. തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അവനെ അറസ്റ്റ് ചെയ്തു.
16 വയസ്സുള്ള ജോഷ്വാ ആഷ് കൂപ്പര്‍ എന്ന കൗമാരക്കാരനാണ് പിടിയിലായത്. പരിചയമുള്ള ഒരു പെണ്‍കുട്ടി തന്നെ കാണാന്‍ രാവിലെ വീട്ടില്‍ വന്നിരുന്നതായി അവന്‍ പറഞ്ഞു. തങ്ങളിരുവരും ഉച്ചവരെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും അതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് അവള്‍ മരിക്കുകയായിരുന്നുവെന്നും ജോഷ്വാ പൊലീസിനോട് പറഞ്ഞു. പിതാവ് ഷെല്‍ഫില്‍ സൂക്ഷിച്ച തോക്ക് വൃത്തിയാക്കാന്‍ എടുത്തപ്പോഴാണ് സംഭവമെന്നും അവന്‍ പൊലീസിനോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട പെണ്‍കുട്ടി ആരെന്നോ അവള്‍ എങ്ങനെയാണ് അവിടെ എത്തിയതെന്നോ ഉള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകം നടത്തിയ ശേഷം ജോഷ്വാ കുളിമുറിയും വീട്ടിലെ മറ്റിടങ്ങളും വൃത്തിയാക്കിയതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. മൃതദേഹം എങ്ങനെ, എവിടെ കളയണം എന്ന് അറിയാത്തതിനാലാണ്, ജോഷ്വാ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.