വിവാഹമോചനം നേടാനായി ഭർത്താവ് നാട്ടുവൈദ്യന്റെ സഹായത്തോടെ തന്റെ ശരീരത്തിൽ എച്ച്ഐവി രക്തം കുത്തിവെച്ചുവെന്ന് ഗർഭിണിയായ യുവതിയുടെ പരാതി. മറ്റൊരു യുവതിയുമായി രഹസ്യബന്ധമുള്ള ഭർത്താവ് തന്നെ ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ് യുവതിയുടെ ആരോപണം. ഗർഭിണിയായ യുവതിയുടെ രക്തം ഏതാനും ദിവസങ്ങൾക്കു മുൻപ് പരിശോധിച്ചപ്പോഴാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്നാണ് യുവതി തൻറെ ഭർത്താവാണ് എച്ച്ഐവി രക്തം ശരീരത്തിൽ കുത്തിവച്ചത് എന്ന ആരോപണവുമായി പൊലീസിൽ പരാതി നൽകിയത്.
വിജയവാഡ തഡേപ്പള്ളി സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നാല്പതുകാരനായ ഭർത്താവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. 2018 മുതലാണ് ഭർത്താവിന് തന്നോട് അകൽച്ച തുടങ്ങിയതെന്നാണ് യുവതി പറയുന്നത്. ഒരു മകളുള്ള തങ്ങൾ അതുവരെ സന്തോഷകരമായാണ് ജീവിച്ചു പോന്നിരുന്നതെന്നും യുവതി പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും ആൺകുഞ്ഞിനെ ഗർഭം ധരിക്കണം എന്ന് ആവശ്യപ്പെട്ടും ആയിരുന്നു ഭർത്താവ് നിരന്തരം കലഹിച്ചിരുന്നത് എന്നാണ് യുവതി പറയുന്നത്. എന്നാൽ, യഥാർത്ഥത്തിൽ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടെന്നും ആ ബന്ധം തുടരാൻ തങ്ങളെ ഒഴിവാക്കാനാണ് ഭർത്താവ് യഥാർത്ഥത്തിൽ ശ്രമിക്കുന്നതെന്നും ഇവരുടെ പരാതിയിൽ പറയുന്നു.
അടുത്തിടെ ഭർത്താവ് തൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ എന്ന വ്യാജേന ഒരു നാട്ടുവൈദ്യന്റെ അടുക്കൽ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നുവെന്നും അവിടെവച്ച് അയാൾ ഒരു കുത്തിവെപ്പ് നൽകിയിരുന്നു എന്നുമാണ് യുവതി പറയുന്നത്. ഈ സമയത്താണ് തൻറെ ശരീരത്തിൽ എച്ച്ഐവി രക്തം കലർന്നത് എന്നും ഇവർ പറയുന്നു. വിവാഹമോചനത്തിനായി ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും താൻ വഴങ്ങാതിരുന്നതിലുള്ള പകയാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നുമാണ് യുവതിയുടെ ആരോപണം. ഏതായാലും യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.