തൃശൂർ : ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 11 ഞായറാഴ്ച നടക്കുക. വിവാഹങ്ങളുടെ ബുക്കിംഗ് 200 കവിഞ്ഞു. പുലർച്ചെ 5 മുതൽ താലികെട്ട് ആരംഭിക്കും. നിലവിലെ 4 കല്യാണ മണ്ഡപങ്ങൾക്ക് പുറമേ 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കും. വധൂവരന്മാരും വിവാഹ സംഘവും മുഹൂർത്തത്തിന് മുമ്പ് മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തെ റിസപ്ഷൻ കൗണ്ടറിൽ എത്തി ടോക്കൺ വാങ്ങിയാൽ പ്രത്യേക പന്തലിൽ വിശ്രമിക്കാൻ സൗകര്യമുണ്ട്. മുഹൂർത്തത്തിന് മുമ്പായി ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും തുടർന്ന് കല്യാണ മണ്ഡപത്തിലേക്കും എത്തിക്കും. ഒരു സംഘത്തിൽ 4 ഫോട്ടോഗ്രാഫർമാർ അടക്കം 24 പേർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിന് പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപത്തു കൂടി നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.