തിരുവനന്തപുരം: വ്യത്യസ്ത രീതികളിലൂടെ നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ബി ജെ പി യുടെ സമഗ്രാധിപത്യ ശ്രമങ്ങളെ സമ്പൂർണമാക്കുന്ന പദ്ധതിയാണ് തെരഞ്ഞെടുപ്പ് ഏകീകരണ നീക്കമെന്ന് രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി. സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന ലോക്സഭയിലെ പ്രത്യേക സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് പ്രായോഗിക രൂപം നൽകാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി പ്രത്യേക കമ്മിറ്റി സർക്കാർ രൂപീകരിച്ച് കഴിഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 83(2) 172(1) അനുസരിച്ച് പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി 5 വർഷമാണ്. വിവിധ സംസ്ഥാന നിയമസഭകളുടെയും ലോക്സഭയുടെയും കാലാവധികൾ വ്യത്യസ്ത സമയങ്ങളിൽ അവസാനിക്കുന്ന നിലവിലെ രീതിക്കാണ് സർക്കാർ മാറ്റം വരുത്താൻ പോകുന്നത്. നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുന്നതിന് അനുസരിച്ചോ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളോട് ചേർത്തോ മൊത്തം തെരഞ്ഞെടുപ്പും നടത്താനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. രാജ്യത്ത് രൂപീകൃതമായ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടാനുള്ള അവസരം ഇല്ലാതാക്കിയും ഫെഡറൽ സംവിധാനത്തെ തകർത്തും തങ്ങളുടെ വംശീയവും കേന്ദ്രീകൃതവുമായ രാഷ്ട്ര ഭരണത്തെ സ്ഥായിയായി അടിച്ചേൽപിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്.
ഈ നിയമം പാസ്സായാൽ കേരളമടക്കം രാജ്യത്തെ 24 സംസ്ഥാന നിയമസഭകൾ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിരിച്ചുവിടപ്പെടും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തെ കൊലപെടുത്തുന്ന ആശയമാണ്. അതോടൊപ്പം അപ്രായോഗികവുമാണ്. ബഹുകക്ഷി സമ്പ്രദായം നിലനിൽക്കുന്ന ഒരു രാജ്യത്ത് പല കാരണങ്ങളാൽ നിയമസഭകൾക്കും പാർലമെന്റിനും കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വരും അത്തരം ഘട്ടത്തിൽ ജനപ്രാതിനിധ്യ നിയമവും ഭരണഘടനാ തത്വങ്ങളും അനുസരിച്ച് സർക്കാറുകൾ തന്നെ നിയമസഭ പിരിച്ചു വിടാൻ ശുപാർശ ചെയ്യുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരികയും ചെയ്യും. അതിലൂടെ ഏകീകരിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വീണ്ടും വ്യത്യസ്ത ഘട്ടങ്ങളിലേക്ക് മാറും. അല്ലെങ്കിൽ ഏകകക്ഷിഭരണം എന്നതിലേക്ക് കാര്യങ്ങൾ മാറേണ്ടി വരും. യഥാർത്ഥത്തിൽ സർക്കാർ ഉദ്ദേശിക്കുന്നത് അതുതന്നെയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പ്രമേയം ചൂണ്ടിക്കാട്ടി.
ഭരണഘടനാ സംവിധാനങ്ങളെയും ഫെഡറലിസം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെയും ഇല്ലാതാക്കി സവർണ്ണ വംശീയ രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢ നീക്കമാണ് ‘ഒരു രാജ്യം,ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിലൂടെ മറനീക്കി പുറത്ത് വരുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ സമ്പൂർണ്ണമായി വരുതിയിലാക്കി കഴിഞ്ഞു. ഭിന്നമായ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും മുന്നിൽവച്ച് രാഷ്ട്രീയ സംഘാടനം നടത്താനുള്ള പൗരന്മാരുടെ അവകാശത്തെ തന്നെ ഇല്ലാതാക്കുന്ന ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരെ മുഴുവൻ ജനാധിപത്യ പ്രസ്ഥാനങ്ങളും പൗരസമൂഹവും ഒണിച്ച് അണിനിരക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ റസാഖ് പാലേരി അധ്യക്ഷം വഹിച്ചു.