തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ പദവിയുടെ എല്ലാ അന്തസ്സും കളഞ്ഞ് ജനാധിപത്യത്തെയും കേരള ജനതയെയും വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിലെ മന്ത്രിമാരെ നീക്കം ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയാൽ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയും. ഗവർണറുടെ മോഹം ഇവിടെ നടക്കില്ല.
കേരളത്തിൽ രാഷ്ട്രീയമായി ഗതിപിടിക്കാത്ത സംഘ്പരിവാറിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിയോഗിച്ച വെറും കോടാലി കൈ മാത്രമായാണ് കേരള ഗവർണർ ഇപ്പോൾ പെരുമാറുന്നത്. പല സന്ദർഭങ്ങളിലും ഗവർണറുടെ ഭരണഘടനാ വിരുദ്ധ നടപടികളുടെ താളത്തിനൊത്ത് പിണറായി വിജയൻ സർക്കാർ തുള്ളിയതിന്റെ പരിണിത ഫലമായാണ് ഇത്ര അഹന്തയും ധിക്കാരവും കലർന്ന മട്ടിൽ ഗവർണർ സംസാരിക്കുന്നത്.
മര്യാദ ലംഘിക്കുന്ന കേരള ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം. രാഷ്ട്രപതി എന്നത് പോലും തെരെഞ്ഞെടുക്കപ്പെടുന്ന പദവിയായിരിക്കെ സംസ്ഥാന ഗവർണർ പദവി എന്നത് കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള വൈസ്രോയി സ്ഥാനമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗവർണർ പദവിയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിൽ അത്തരം ഒരു ചർച്ച സമൂഹത്തിൽ ഉയർന്നു വരണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.