അത്താഴമൊക്കെ കഴിച്ച ശേഷം ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് എന്തെങ്കിലും ലഘുവായി കഴിക്കുന്ന ശീലം ഇപ്പോൾ പലർക്കും ഉണ്ട്. ക്രമമല്ലാത്ത ജോലിയും ചിട്ടയില്ലാത്ത ജീവിത ശൈലിയും പിന്തുടരുന്നവരിലാണ് അസമയത്തുള്ള ഈ ഭക്ഷണശീലം കൂടുതലുമുള്ളത്. അന്നജവും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഈ ലഘുഭക്ഷണങ്ങൾ ശരീരത്തിന്റെ ജൈവഘടികാരത്തെയും ഉറക്കത്തെയും ബാധിക്കും. പലപ്പോഴും വിശപ്പ്, വിരസത, സ്ട്രെസ് തുടങ്ങി പല കാരണങ്ങളാലാകും രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്. ഈ ലഘുഭക്ഷണങ്ങളുടെ അളവും കഴിക്കുന്ന സമയവും ഗുണനിലവാരവും എല്ലാം ആരോഗ്യത്തെ സ്വാധീനിക്കും. ഉരുളക്കിഴങ്ങ് ചിപ്സ്, പിസ പോലുള്ള ലഘുഭക്ഷണങ്ങൾ ശരീരത്തെ ദോഷകരമായി ബാധിക്കും. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്കുന്ന കാരണമാകുമെന്നും ഇത് വിശപ്പ് വർധിപ്പിക്കുകയും കാലറി വളരെ കുറച്ചു മാത്രം കത്തിച്ചു കളയുകയും കൊഴുപ്പ് കോശങ്ങൾക്ക് മാറ്റമുണ്ടാക്കുകയും ചെയ്യുമെന്ന് ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു. രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ്, ഉദരപ്രശ്നങ്ങൾക്കും, ഉറക്കം തടസ്സപ്പെടാനും ദഹനക്കേടിനും നെഞ്ചെരിച്ചിലിനും ആസിഡ് റിഫ്ലക്സിനും കാരണമാകുമെന്ന് ഇന്റർനാഷനൽ ജേണൽ ഓഫ് എൻവയൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ദഹിക്കാൻ പ്രയാസമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടെ ഉണരാൻ കാരണമാകും. രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നതുകൊണ്ട് ചില ആരോഗ്യഗുണങ്ങളും ഉണ്ടെന്നതാണ് രസം. ശരീരത്തിന് പകൽ സമയം ലഭിക്കാതെ പോയ പോഷകങ്ങൾ ലഭിക്കാൻ ഒരു അവസരമാണ് രാത്രിയിലെ ഈ ഭക്ഷണം കഴിപ്പ്. അധികം പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങളായ ഗ്രീക്ക് യോഗർട്ട്, ബെറിപ്പഴങ്ങൾ, മുഴുധാന്യ ക്രാക്കേഴ്സ്, ഹമ്മൂസ്, ചെറിയ അളവിൽ നട്സ് ഇവ കഴിക്കാൻ ശ്രദ്ധിച്ചാൽ പോഷകങ്ങളും ധാതുക്കളും ശരീരത്തിനു ലഭിക്കും.
ജീവിതശൈലി മെച്ചപ്പെടുത്തുകയും ഉറങ്ങും മുൻപ് പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും. ട്രിപ്റ്റോഫാൻ ധാരാളമടങ്ങിയ നട്സ്, സീഡ് ഇവ കഴിക്കാൻ ശ്രദ്ധിക്കാം. കാരണം ഇത് ഉറക്കം മെച്ചപ്പെടുത്തുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളായ സെറോടോണിൻ, മെലാടോണിൻ ഇവയുടെ ഉൽപാദനം വർധിപ്പിക്കും. രാത്രി സുഖകരമായ ഉറക്കം ലഭിക്കാൻ ഇതു സഹായിക്കും.