തിരുവനന്തപുരം : കൊടും ചൂടിന് ആശ്വാസമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച മഴയുടെ സാധ്യത മങ്ങുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം, ശക്തി കൂടിയ ന്യുനമർദ്ദമായി. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന സിസ്റ്റം അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായും നാളെ വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വർഷത്തെ മൂന്നാമത്തെ ന്യുന മർദ്ദമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.ആന്ധ്ര ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. നേരിയ മാറ്റം സംഭവിച്ചാല്‍ പശ്ചിമ ബംഗാള്‍ തീരമോ, ബംഗ്ളാദേശ് തീരമോ ആയേക്കാം. ചൊവ്വാഴ്ചയോടെ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ ഈ ന്യുനമർദ്ദത്തിന് കേരളത്തിൽ നേരിട്ട് സ്വാധീനമില്ല കേരളത്തിൽ കാറ്റിന്‍റെ ഗതി മുറിവ് കാരണം ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴക്കാണ് സാധ്യത.കേരളത്തിലെ ഒരു ജില്ലയിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ജാഗ്രത നിര്‍ദ്ദേശമില്ല.