ഫ്ലോറിഡയില്‍ മുതലകളുടെ ആക്രമണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കുട്ടികളെയും പ്രായമായവരെയുമാണ് ഇവ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ നോർത്ത് ഫോർട്ട് മിയേഴ്സിൽ നിന്നുള്ള 84 വയസ്സുള്ള ഒരു സ്ത്രീ, തന്‍റെ നായയുമായി നടക്കാനിറങ്ങിയപ്പോള്‍ മുതലയുടെ ആക്രമണം നേരിടേണ്ടിവന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഷിഹ് സു ഇനത്തില്‍പ്പെട്ട ‘ക്യൂന്‍’ എന്ന് പേരുള്ള പ്രിയപ്പെട്ട നായയോടൊപ്പം തന്‍റെ റിട്ടയർമെന്‍റ് ജീവിതത്തിന് എത്തിയതായിരുന്നു ബോപ്പൽ. പതിവ് പോലെ കുളക്കരയിലൂടെ നടക്കുന്നതിനിടെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. ‘ആക്രമിക്കപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നു. പക്ഷേ. ഇത് അപ്രതീക്ഷിതമായിരുന്നു’ അവര്‍ ആശുപത്രി കിടക്കയില്‍ നിന്നും മാധ്യമങ്ങളോട് പറഞ്ഞു. 7 അടി 3 ഇഞ്ച് നീളമുള്ള ഒരു മുതലയാണ് ബോപ്പലിനെയും നായയെയും അക്രമിച്ചത്. “അതൊരു ടോർപിഡോ പോലെയായിരുന്നു. എന്‍റെ ജീവിതത്തിൽ ഒന്നും ഇത്ര വേഗത്തിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല” അവര്‍ ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. മുതലയില്‍ നിന്നും രക്ഷപ്പെട്ടുത്താനായി ബോപ്പൽ തന്‍റെ നായയെ വലിച്ചെറിഞ്ഞെങ്കിലും അതിനകം മുതല, ബോപ്പലിന്‍റെ കാലിലും വിരലുകളിലും കടിച്ചിരുന്നു.
ബോപ്പലിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി എമർജൻസി സർവീസിനെ വിളിച്ചു. ഇതിനിടെ മനോധൈര്യം കൈവരിച്ച ബോപ്പല്‍ മുതലയുടെ കണ്ണിനും മുഖത്തും കുത്തി പരിക്കേൽപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എമർജൻസി സർവീസിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി ബോപ്പലിനെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി മുതല ആക്രമണങ്ങളാണ് ഫ്ലോറിഡയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ 2023 ഫെബ്രുവരിയിൽ നടന്ന സമാനമായ ഒരു അക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അന്ന് കുളക്കടവിലൂടെ നായയുമായി നടക്കാനിറങ്ങിയ 85 വയസുള്ള ഗ്ലോറിയ സെർജ് എന്ന സ്ത്രീ ആക്രമിക്കപ്പെടുന്ന വീഡിയോയായിരുന്നു അത്. ആ ആക്രമണത്തില്‍ ഗ്ലോറിയ കൊലപ്പെട്ടു. പിന്നീട് മുതലയെ പിടിക്കൂടാന്‍ വേട്ടക്കാരെത്തിയപ്പോഴാണ് ഗ്ലോറിയയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്.