കൊൽക്കത്ത > തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പശ്‌ചിമ ബംഗാളിൽ വീണ്ടും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ സംസ്ഥാനമാകെ അക്രമം തുടരുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം സോമ ചക്രബർത്തി ദാസ് തൃണമൂൽ ഗുണ്ടകളുടെ ക്രൂരമർദനത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ സോമ ചക്രബർത്തി ആശുപത്രിയിൽ ചികിത്സയിലാണ്. സോമ ചക്രബർത്തി ദാസിന് നേരെ നടന്ന ആക്രമണത്തെ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ അപലപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകാൻ തയ്യാറെടുക്കവെ സിപിഐ എം ഓഫീസുകളിൽ കയറിയും അക്രമങ്ങളുണ്ടായി. സ്‌ത്രീകളും തൊഴിലാളികളും ചേർന്നാണ് പലയിടങ്ങളിലും തൃണമൂൽ അക്രമികളെ തുരത്തിയത്. സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറുമ്പോഴും തൃണമൂൽ ഗുണ്ടകൾക്ക് പിന്തുണ നൽകുന്ന നിലപാടാണ് മുഖ്യമന്ത്രി മമത ബാനർജിയുടേത്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥികളെ മത്സരിക്കാൻ പോലും അനുവദിക്കാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് മമത ശ്രമിക്കുന്നത്.