ന്യൂഡൽഹി: ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്. ദീർഘകാലമായി നിലനിൽക്കുന്ന ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിൽ. ഇന്ത്യയിലെത്തിയ യു.എസ് പ്രതിനിധികൾ ഇതിനായി നേരിട്ട് പ്രസ്താവന നടത്തിയെന്നും റഷ്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഉപരോധം ഏർപ്പെടുത്തുമെന്ന് പോലും പറഞ്ഞുള്ള ഭീഷണിയാണ്. ഇന്ത്യയും റഷ്യയും തമ്മിൽ ഉറച്ചതും ദീർഘകാലമായി തുടരുന്നതും ആത്മാർഥതയോടെയുള്ളതുമായ ബന്ധമാണ്. ഇന്ത്യൻ സാമൂഹിക-സാംസ്കാരിക വികസനത്തിന് സോവിയറ്റ് യൂണിയന്‍റെ കാലം മുതൽ നൽകിയ സഹായം ഈ ബന്ധത്തിന് അടിത്തറയിട്ടിട്ടുണ്ട്. എന്നാൽ, പാശ്ചാത്യ പങ്കാളികളെ പോലെ ഒരിക്കലും രാഷ്ട്രീയത്തിൽ സഹകരണം ആവശ്യപ്പെട്ടിട്ടില്ല, ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ല, എപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള ബന്ധം നിലനിർത്തുകയാണ്’ -അദ്ദേഹം വ്യക്തമാക്കി.2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളെല്ലാം റഷ്യക്കെതിരെ തിരിഞ്ഞപ്പോഴും ഇന്ത്യ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പാശ്ചാത്യ രാജ്യങ്ങൾ നിർത്തിയപ്പോൾ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായത് ഇന്ത്യയായിരുന്നു.
അമേരിക്കയുടെ ഭരണനേതൃത്വത്തിൽ വിശ്വാസമില്ലാത്തതിനാൽ തന്ത്രപരമായി ഇന്ത്യ റഷ്യയോട് അടുക്കുകയായിരുന്നുവെന്ന് റിപബ്ലിക്കൻ നേതാവ് നിക്കി ഹാലി ഈയിടെ പ്രസ്താവന നടത്തിയിരുന്നു. വിജയിക്കാൻ കഴിയുന്ന രാജ്യമാണ് യു.എസെന്ന് ഇന്ത്യ വിശ്വസിക്കുന്നില്ല. തന്ത്രപരമായാണ് ഇന്ത്യ എപ്പോഴും മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ടാണ് റഷ്യയുമായി അവർ സഖ്യമുണ്ടാക്കിയതെന്നും നിക്കി ഹാലി പറഞ്ഞിരുന്നു.