തിരുവനന്തപുരം: തുമ്പയിൽ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ തിമിംഗല സ്രാവിനെ ഏറെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തിരികെ കടലിലേയ്ക്കയച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശി ഷാഹുൽ ഹമീദിൻ്റെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. വലിയ പെൺ സ്രാവും രണ്ട് ചെറിയ സ്രാവുകളുമാണ് വലയിൽപ്പെട്ടത്. ചെറിയ സ്രാവുകളെ ആദ്യം രക്ഷപ്പെടുത്തിയെങ്കിലും വലിയ സ്രാവിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലയിൽ കുടുങ്ങിയ വലിയ സ്രാവിനെ വല മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കരയിൽ നിന്നും തിരകടന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടായിരം കിലോയിലധികം ഭാരമുള്ളതാണിത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും മത്സ്യ തൊഴിലാളികളും മൂന്നുമണിക്കൂർ നീണ്ട പരിശ്രമത്തിൽ വടം കെട്ടി വള്ളത്തിൽ വലിച്ച് സ്രാവിനെ തിരികെ കടലിലേയ്ക്ക് വിടുകയായിരുന്നു. വലയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ കേടുപാടുണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.