കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യവിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും.
ഇന്ത്യയില്‍ 11.9 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ടെന്നാണ് ഈ വര്‍ഷത്തെ കണക്കുകള്‍ പറയുന്നത്. ഇവരില്‍ 8.9 ദശലക്ഷം അന്ധത ബാധിച്ചവരാണ്. ഇന്ത്യയിലെ 12.8% അന്ധതയ്ക്കും ഗ്ലോക്കോമ കാരണമാകുന്നു.
ആർക്കൊക്കെ ഗ്ലോക്കോമ വരാം?
40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ, ഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം (family history), പ്രമേഹം, തീവ്രമായ മയോപിയ ഉള്ളവരില്‍, കണ്ണിന് പരിക്ക് അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ തുടങ്ങിയവര്‍ക്കൊക്കെ രോഗ സാധ്യത കൂടുതലാണ്.
ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ:
- മങ്ങിയതോ അവ്യക്തമായതോ ആയ കാഴ്ച
- 40 വയസിന് മുമ്പേ റീഡിംഗ് ഗ്ലാസുകള്‍ വേണ്ടിവരുക
- കണ്ണ് വേദനയും തലവേദനയും
- കണ്ണുകൾ ചുവക്കുക
- കണ്ണ് വേദനയ്ക്കൊപ്പം ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
- ലൈറ്റുകൾക്ക് ചുറ്റും മഴവില്ല് നിറങ്ങൾ കാണുന്നത്, പ്രത്യേകിച്ച് രാത്രിയിൽ.
- വേദന ഇല്ലാത്ത ഉയർന്ന കണ്ണ് മർദ്ദം
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.