ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് തേൻ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം തേൻ മികച്ചതാണ്. ചിലർ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ സി, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം കൂടിയാണ്. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
തേനിലെ സ്വാഭാവിക പഞ്ചസാര ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ ശരീരം എളുപ്പത്തിൽ ദഹിപ്പിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. തേനിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ, തേനിലെ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതിന് കൂടുതൽ ഫലപ്രദമാക്കുന്നു.
തൊണ്ടവേദനയും ചുമയും മാറ്റുന്നതിനുള്ള മികച്ച പ്രതിവിധി കൂടിയാണ് തേൻ. ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ തേൻ കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ അകറ്റുന്നതിന് സഹായിക്കുന്നു. തേനിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ പെട്ടെന്ന് മുറിവുണക്കുന്നതിനും സഹായകമാണ്.
ചൂട് ഒരു കപ്പ് പാലിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. തേൻ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും മികച്ചൊരു പ്രതിവിധി കൂടിയാണ്. വയറിളക്കം പോലുള്ള ദഹനനാളത്തിന്റെ അവസ്ഥ ഒഴിവാക്കാൻ തേൻ സഹായിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. തേൻ ആന്റീഡിപ്രസന്റ്, ആൻറി-ആക്‌സൈറ്റി ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.