ദില്ലി: എയിംസ് സർവർ ഹാക്കിംഗില്‍ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്.ഒരാഴ്ചയായിട്ടും സർവർ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനീഷ് തിവാരി ചോദിച്ചു .ഇന്ന് എയിംസ്, നാളെ മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കും .എത്ര ദുർബലമാണ് നമ്മുടെ സംവിധാനങ്ങളെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്ത് ഒരാഴ്ചയായിട്ടും പുനസ്ഥാപിച്ചിട്ടില്ല. സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടതായ വിവരം ദില്ലി പോലീസ് നിഷേധിച്ചു.
ദില്ലി എയിംസിൽ തുടരുന്ന സർവ്വർ തകരാറ് റാൻസംവെയർ ആക്രമണമെന്നാണ് സംശയം. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ ഓൺലൈൻ ആയി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍റര്‍ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് റാൻസംവെയർ ആക്രമണം ആണോ എന്ന സംശയം ഉയർന്നത്. കൂടുതൽ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഓരോ ദിവസവും ലക്ഷക്കണക്കിന് രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് ദില്ലി എയിംസ്.
കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയിൽ എത്തി ചികിത്സിക്കുന്നവരുടെയും രേഖകൾ ഉൾപ്പെടെയാണ് നിലവിൽ ഹാക്കര്മാർ ചോർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈബർ അറ്റാക്കിൽ ചൈനീസ് ഹാക്കർമാരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. ഇന്ത്യാടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ തന്നെ പ്രധാന ആശുപത്രിയായ എയിംസിൽ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നും റിപ്പോർട്ട്. ദുർബലമായ ഫയർവാളും അപ്ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് പണിയായതെന്നാണ് പ്രഥമ റിപ്പോർട്ട്. ക്ലൗഡ്-കേന്ദ്രീകൃത സെർവറുകൾ ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. രോഗികളുടെ വിവരങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങൾ ചോർത്തപ്പെട്ടോ എന്നതിൽ വ്യക്തതയില്ല. സൈബർ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികൾ തന്നെയാണ് സ്ഥിരികരിച്ചത്. ഡാറ്റ ചോർത്തിയ ശേഷം പണം ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റാൻസംവെയർ.
ഇവിടെ നൽകേണ്ട തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. രോഗികളെ സംബന്ധിച്ച വിവരങ്ങൾക്ക് പുറമെ സ്മാർട് ലാബ്, ബില്ലിങ്, റിപ്പോർട്ട് ജനറേഷൻ, അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവയും ഹാക്കർമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മാനുവലായാണ് ഡൽഹി എയിംസിൽ എല്ലാക്കാര്യങ്ങളും ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഡ്മിഷൻ, ഡിസ്ചാർജ്, ജനന മരണ സർട്ടിഫിക്കറ്റുകൾ എന്നിവയൊക്കെ മാനുവലായാണ് നിലവിൽ തയ്യാറാക്കുന്നത്.
ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവർത്തനരഹിതമായി. പ്രോട്ടോൺ മെയിൽ അഡ്രസ് ഉപയോഗിച്ചാണ് ഹാക്കർമാർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആശുപത്രിയ്ക്ക് സഹായവുമായി നാഷണൽ ഇൻഫർമേഷൻ സെന്ററും (എൻഐസി) സേർട്ട്-ഇന്നും രംഗത്തെത്തിയിട്ടുണ്ട്.